مريم

تفسير سورة مريم

الترجمة المليبارية

മലയാളം

الترجمة المليبارية

ترجمة معاني القرآن الكريم للغة المليبارية، ترجمها عبد الحميد حيدر المدني وكونهي محمد، نشرها مجمع الملك فهد لطباعة المصحف الشريف بالمدينة المنورة، عام الطبعة 1417هـ،

﴿بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ كهيعص﴾

കാഫ്‌-ഹാ-യാ-ഐന്‍-സ്വാദ്‌.

﴿ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا﴾

നിന്‍റെ രക്ഷിതാവ് തന്‍റെ ദാസനായ സകരിയ്യായ്ക്ക് ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്‌. 

﴿إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا﴾

(അതായത്‌) അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.

﴿قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُنْ بِدُعَائِكَ رَبِّ شَقِيًّا﴾

 അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.

﴿وَإِنِّي خِفْتُ الْمَوَالِيَ مِنْ وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِنْ لَدُنْكَ وَلِيًّا﴾

എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ.

﴿يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا﴾

 എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ് കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ.

﴿يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَلْ لَهُ مِنْ قَبْلُ سَمِيًّا﴾

ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല.

﴿قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا﴾

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്‍റെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ വാര്‍ദ്ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു.

﴿قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِنْ قَبْلُ وَلَمْ تَكُ شَيْئًا﴾

അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ തന്നെ.
മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ് എന്ന് നിന്‍റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു.

﴿قَالَ رَبِّ اجْعَلْ لِي آيَةً ۚ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَ لَيَالٍ سَوِيًّا﴾

 അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ.
അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ(1) ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു.

﴿فَخَرَجَ عَلَىٰ قَوْمِهِ مِنَ الْمِحْرَابِ فَأَوْحَىٰ إِلَيْهِمْ أَنْ سَبِّحُوا بُكْرَةً وَعَشِيًّا﴾

 അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാമണ്ഡപത്തില്‍ നിന്ന് തന്‍റെ ജനങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു.
എന്നിട്ട്‌, നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന് അവരോട് ആംഗ്യം കാണിച്ചു

﴿يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا﴾

ഹേ, യഹ്‌യാ(2) വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു.

﴿وَحَنَانًا مِنْ لَدُنَّا وَزَكَاةً ۖ وَكَانَ تَقِيًّا﴾

നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും (നല്‍കി.) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു.

﴿وَبَرًّا بِوَالِدَيْهِ وَلَمْ يَكُنْ جَبَّارًا عَصِيًّا﴾

തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല. 

﴿وَسَلَامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا﴾

അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം.

﴿وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انْتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا﴾

വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക.
അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം(3)

﴿فَاتَّخَذَتْ مِنْ دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا﴾

എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ)(4) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

﴿قَالَتْ إِنِّي أَعُوذُ بِالرَّحْمَٰنِ مِنْكَ إِنْ كُنْتَ تَقِيًّا﴾

അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.)(5)

﴿قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا﴾

അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. 

﴿قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا﴾

 അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.

﴿قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ ۖ وَلِنَجْعَلَهُ آيَةً لِلنَّاسِ وَرَحْمَةً مِنَّا ۚ وَكَانَ أَمْرًا مَقْضِيًّا﴾

അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു.
അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.

﴿۞ فَحَمَلَتْهُ فَانْتَبَذَتْ بِهِ مَكَانًا قَصِيًّا﴾

അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു.

﴿فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنْتُ نَسْيًا مَنْسِيًّا﴾

അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു.
(6) അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!

﴿فَنَادَاهَا مِنْ تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا﴾

ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി(7) ഉണ്ടാക്കി തന്നിരിക്കുന്നു. 

﴿وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا﴾

നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.

﴿فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنْسِيًّا﴾

അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക.
ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.

﴿فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا﴾

അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.

﴿يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا﴾

 ഹേ; ഹാറൂന്‍റെ സഹോദരീ,(8) നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. 

﴿فَأَشَارَتْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَنْ كَانَ فِي الْمَهْدِ صَبِيًّا﴾

അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?

﴿قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا﴾

അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.

﴿وَجَعَلَنِي مُبَارَكًا أَيْنَ مَا كُنْتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا﴾

ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു.
ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.

﴿وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا﴾

 (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.

﴿وَالسَّلَامُ عَلَيَّ يَوْمَ وُلِدْتُ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا﴾

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. 

﴿ذَٰلِكَ عِيسَى ابْنُ مَرْيَمَ ۚ قَوْلَ الْحَقِّ الَّذِي فِيهِ يَمْتَرُونَ﴾

അതത്രെ മര്‍യമിന്‍റെ മകനായ ഈസാ(9) അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌.

﴿مَا كَانَ لِلَّهِ أَنْ يَتَّخِذَ مِنْ وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ﴾

ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല.
(10) അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. 

﴿وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۚ هَٰذَا صِرَاطٌ مُسْتَقِيمٌ﴾

 (ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.

﴿فَاخْتَلَفَ الْأَحْزَابُ مِنْ بَيْنِهِمْ ۖ فَوَيْلٌ لِلَّذِينَ كَفَرُوا مِنْ مَشْهَدِ يَوْمٍ عَظِيمٍ﴾

എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി.(11) അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.

﴿أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَٰكِنِ الظَّالِمُونَ الْيَوْمَ فِي ضَلَالٍ مُبِينٍ﴾

അവര്‍ നമ്മുടെ അടുത്ത് വരുന്ന ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും!(12) പക്ഷെ ഇന്ന് ആ അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാകുന്നു.

﴿وَأَنْذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ﴾

നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല.

﴿إِنَّا نَحْنُ نَرِثُ الْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ﴾

തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്‌. 

﴿وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا﴾

വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. 

﴿إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنْكَ شَيْئًا﴾

അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.?

﴿يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا﴾

 എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. 

﴿يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّا﴾

എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു.

﴿يَا أَبَتِ إِنِّي أَخَافُ أَنْ يَمَسَّكَ عَذَابٌ مِنَ الرَّحْمَٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا﴾

എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌.

﴿قَالَ أَرَاغِبٌ أَنْتَ عَنْ آلِهَتِي يَا إِبْرَاهِيمُ ۖ لَئِنْ لَمْ تَنْتَهِ لَأَرْجُمَنَّكَ ۖ وَاهْجُرْنِي مَلِيًّا﴾

അയാള്‍ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന്‌) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം.

﴿قَالَ سَلَامٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّي ۖ إِنَّهُ كَانَ بِي حَفِيًّا﴾

അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം.(13) തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.

﴿وَأَعْتَزِلُكُمْ وَمَا تَدْعُونَ مِنْ دُونِ اللَّهِ وَأَدْعُو رَبِّي عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا﴾

നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം. 

﴿فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُونَ مِنْ دُونِ اللَّهِ وَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۖ وَكُلًّا جَعَلْنَا نَبِيًّا﴾

 അങ്ങനെ അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇഷാഖിനെയും (മകന്‍) യഅ്ഖൂബിനെയും (പൌത്രന്‍) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു.

﴿وَوَهَبْنَا لَهُمْ مِنْ رَحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا﴾

നമ്മുടെ കാരുണ്യത്തില്‍ നിന്നും അവര്‍ക്ക് നാം നല്‍കുകയും, അവര്‍ക്ക് നാം ഉന്നതമായ സല്‍കീര്‍ത്തി ഉണ്ടാക്കുകയും ചെയ്തു.

﴿وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَبِيًّا﴾

വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.

﴿وَنَادَيْنَاهُ مِنْ جَانِبِ الطُّورِ الْأَيْمَنِ وَقَرَّبْنَاهُ نَجِيًّا﴾

പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു. 

﴿وَوَهَبْنَا لَهُ مِنْ رَحْمَتِنَا أَخَاهُ هَارُونَ نَبِيًّا﴾

നമ്മുടെ കാരുണ്യത്താല്‍ തന്‍റെ സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന് (സഹായത്തിനായി) നാം നല്‍കുകയും ചെയ്തു. 

﴿وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَبِيًّا﴾

വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.

﴿وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِنْدَ رَبِّهِ مَرْضِيًّا﴾

 തന്‍റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.

﴿وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا﴾

വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. 

﴿وَرَفَعْنَاهُ مَكَانًا عَلِيًّا﴾

അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. 

﴿أُولَٰئِكَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ مِنْ ذُرِّيَّةِ آدَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِنْ ذُرِّيَّةِ إِبْرَاهِيمَ وَإِسْرَائِيلَ وَمِمَّنْ هَدَيْنَا وَاجْتَبَيْنَا ۚ إِذَا تُتْلَىٰ عَلَيْهِمْ آيَاتُ الرَّحْمَٰنِ خَرُّوا سُجَّدًا وَبُكِيًّا ۩﴾

അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍.
ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്‍റെയും ഇസ്രായീലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍.
പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്‌.

﴿۞ فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا﴾

എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌. 

﴿إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا﴾

എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.

﴿جَنَّاتِ عَدْنٍ الَّتِي وَعَدَ الرَّحْمَٰنُ عِبَادَهُ بِالْغَيْبِ ۚ إِنَّهُ كَانَ وَعْدُهُ مَأْتِيًّا﴾

പരമകാരുണികന്‍ തന്‍റെ ദാസന്‍മാരോട് അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വര്‍ഗത്തോപ്പുകളില്‍ (അവര്‍ പ്രവേശിക്കും.) തീര്‍ച്ചയായും അവന്‍റെ വാഗ്ദാനം നടപ്പില്‍ വരുന്നത് തന്നെയാകുന്നു.

﴿لَا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَامًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا﴾

സലാം അല്ലാതെ നിരര്‍ത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്‌.

﴿تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا﴾

നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര്‍ ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വര്‍ഗമത്രെ അത്‌. 

﴿وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا﴾

(നബിയോട് ജിബ്‌രീല്‍ പറഞ്ഞു:) താങ്കളുടെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്‍റെതത്രെ. താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല.

﴿رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا﴾

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? 

﴿وَيَقُولُ الْإِنْسَانُ أَإِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا﴾

മനുഷ്യന്‍ പറയും: ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീട് എന്നെ ജീവനുള്ളവനായി പുറത്ത് കൊണ്ട് വരുമോ?

﴿أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا﴾

മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?

﴿فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا﴾

എന്നാല്‍ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും.

﴿ثُمَّ لَنَنْزِعَنَّ مِنْ كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَٰنِ عِتِيًّا﴾

പിന്നീട് ഓരോ കക്ഷിയില്‍ നിന്നും പരമകാരുണികനോട് ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേര്‍തിരിച്ച് നിര്‍ത്തുന്നതാണ്‌.

﴿ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا﴾

 പിന്നീട് അതില്‍ (നരകത്തില്‍) എരിയുവാന്‍ അവരുടെ കൂട്ടത്തില്‍ ഏറ്റവും അര്‍ഹതയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്‌.

﴿وَإِنْ مِنْكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَقْضِيًّا﴾

അതിനടുത്ത് (നരകത്തിനടുത്ത്‌) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌.

﴿ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيًّا﴾

 പിന്നീട് ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.(14)

﴿وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَقَامًا وَأَحْسَنُ نَدِيًّا﴾

സ്പഷ്ടമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോട് പറയുന്നതാണ്‌: ഈ രണ്ട് വിഭാഗത്തില്‍ കൂടുതല്‍ ഉത്തമമായ സ്ഥാനമുള്ളവരും ഏറ്റവും മെച്ചപ്പെട്ട സംഘമുള്ളവരും ആരാണ്?(15) 

﴿وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هُمْ أَحْسَنُ أَثَاثًا وَرِئْيًا﴾

സാധനസാമഗ്രികളിലും ബാഹ്യമോടിയിലും കൂടുതല്‍ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ് ഇവര്‍ക്ക് മുമ്പ് നാം നശിപ്പിച്ചിട്ടുള്ളത്‌!

﴿قُلْ مَنْ كَانَ فِي الضَّلَالَةِ فَلْيَمْدُدْ لَهُ الرَّحْمَٰنُ مَدًّا ۚ حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ إِمَّا الْعَذَابَ وَإِمَّا السَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَكَانًا وَأَضْعَفُ جُنْدًا﴾

(നബിയേ,) പറയുക: വല്ലവനും ദുര്‍മാര്‍ഗത്തിലായിക്കഴിഞ്ഞാല്‍ പരമകാരുണികന്‍ അവന്നു അവധി നീട്ടികൊടുക്കുന്നതാണ്‌.
അങ്ങനെ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്ന കാര്യം അതായത് ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം -അവര്‍ കാണുമ്പോള്‍ അവര്‍ അറിഞ്ഞ് കൊള്ളും; കൂടുതല്‍ മോശമായ സ്ഥാനമുള്ളവരും, കുടുതല്‍ ദുര്‍ബലരായ സൈന്യവും ആരാണെന്ന്‌. 

﴿وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى ۗ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ مَرَدًّا﴾

സന്‍മാര്‍ഗം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്‍മാര്‍ഗനിഷ്ഠ വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌.
നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പരിണാമമുള്ളതും

﴿أَفَرَأَيْتَ الَّذِي كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا﴾

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും എനിക്ക് സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും. എന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ?

﴿أَطَّلَعَ الْغَيْبَ أَمِ اتَّخَذَ عِنْدَ الرَّحْمَٰنِ عَهْدًا﴾

അദൃശ്യകാര്യം അവന്‍ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ പരമകാരുണികന്‍റെ അടുത്ത് അവന്‍ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?

﴿كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُ مِنَ الْعَذَابِ مَدًّا﴾

അല്ല, അവന്‍ പറയുന്നത് നാം രേഖപ്പെടുത്തുകയും, അവന്നു ശിക്ഷ കൂട്ടികൊടുക്കുകയും ചെയ്യും.

﴿وَنَرِثُهُ مَا يَقُولُ وَيَأْتِينَا فَرْدًا﴾

അവന്‍ ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും.

﴿وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَةً لِيَكُونُوا لَهُمْ عِزًّا﴾

അല്ലാഹുവിന് പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്‌. അവര്‍ ഇവര്‍ക്ക് പിന്‍ബലമാകുന്നതിന് വേണ്ടി.

﴿كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا﴾

 അല്ല, ഇവര്‍ ആരാധന നടത്തിയ കാര്യം തന്നെ അവര്‍ നിഷേധിക്കുകയും, അവര്‍ ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്‌. 

﴿أَلَمْ تَرَ أَنَّا أَرْسَلْنَا الشَّيَاطِينَ عَلَى الْكَافِرِينَ تَؤُزُّهُمْ أَزًّا﴾

സത്യനിഷേധികളുടെ നേര്‍ക്ക,് അവരെ ശക്തിയായി ഇളക്കിവിടാന്‍ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന് നീ കണ്ടില്ലേ?

﴿فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا﴾

അതിനാല്‍ അവരുടെ കാര്യത്തില്‍ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്കായി നാം (നാളുകള്‍) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു.

﴿يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَٰنِ وَفْدًا﴾

ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുന്ന ദിവസം.

﴿وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا﴾

 കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക് നാം തെളിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ദിവസം.

﴿لَا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِنْدَ الرَّحْمَٰنِ عَهْدًا﴾

ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ.(16) 

﴿وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا﴾

പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു.

﴿لَقَدْ جِئْتُمْ شَيْئًا إِدًّا﴾

(അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു.

﴿تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنْشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا﴾

അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. 

﴿أَنْ دَعَوْا لِلرَّحْمَٰنِ وَلَدًا﴾

(അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം.

﴿وَمَا يَنْبَغِي لِلرَّحْمَٰنِ أَنْ يَتَّخِذَ وَلَدًا﴾

സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. 

﴿إِنْ كُلُّ مَنْ فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَٰنِ عَبْدًا﴾

ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും.

﴿لَقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا﴾

തീര്‍ച്ചയായും അവരെ അവന്‍ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു.

﴿وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا﴾

അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ്‌. 

﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَٰنُ وُدًّا﴾

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്‌; തീര്‍ച്ച.(17)

﴿فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لِتُبَشِّرَ بِهِ الْمُتَّقِينَ وَتُنْذِرَ بِهِ قَوْمًا لُدًّا﴾

ഇത് (ഖുര്‍ആന്‍) നിന്‍റെ ഭാഷയില്‍ നാം ലളിതമാക്കിതന്നിരിക്കുന്നത് ധര്‍മ്മനിഷ്ഠയുള്ളവര്‍ക്ക് ഇത് മുഖേന നീ സന്തോഷവാര്‍ത്ത നല്‍കുവാനും, മര്‍ക്കടമുഷ്ടിക്കാരായ ആളുകള്‍ക്ക് ഇത് മുഖേന നീ താക്കീത് നല്‍കുവാനും വേണ്ടി മാത്രമാകുന്നു. 

﴿وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هَلْ تُحِسُّ مِنْهُمْ مِنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًا﴾

ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരില്‍ നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?

الترجمات والتفاسير لهذه السورة: